cripto


“ ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി നിരോധിച്ചിട്ടുണ്ടോ?

ഇന്ത്യയിൽ ക്രിപ്റ്റോകറൻസി കേന്ദ്ര ഗവൺമെൻറ് ഔദ്യോഗികമായി ഇതുവരെ നിരോധിച്ചിട്ടില്ല. എന്നാൽ ക്രിപ്റ്റോ കറൻസിയുടെ ദുരുപയോഗ സാധ്യതകൾ (പല ക്രിപ്റ്റോകറൻസി കമ്പനികളുടെയും അജ്ഞാത ഉറവിടങ്ങളും, അജ്ഞാതമായ പണമിടപാട് സ്വഭാവങ്ങളും, നിക്ഷേപ തട്ടിപ്പിനുള്ള സാധ്യതകളും, തീവ്രവാദത്തിന് ആയി പണം ശേഖരിക്കുന്നതും, കള്ളപ്പണം വെളുപ്പിക്കാൻ ഉള്ള സാധ്യതകളും നികുതിവെട്ടിപ്പ് മുതലായവ) കണക്കിലെടുത്തും, കൂടാതെ കേന്ദ്ര ഗവൺമെൻറ് സ്വന്തമായി ഒരു ഡിജിറ്റൽ നാണ്യ സംവിധാനം കൊണ്ടുവരുന്നതിൻറെ ഭാഗമായിട്ടും, ലോകത്ത് പല രാജ്യങ്ങളും ക്രിപ്റ്റോകറൻസി നിരോധിച്ചതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും, ഇന്ത്യ ഗവൺമെൻറ് ക്രിപ്റ്റോകറൻസി നിരോധിക്കാനുള്ള നീക്കം ആലോചനയിലുണ്ട് എന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു

 2018 ൽ റിസർവ്ബാങ്ക് 06.04.2018 തീയതിയിലെ സർക്കുലർ പ്രകാരം രാജ്യത്തെ എല്ലാ പണമിടപാട് സ്ഥാപനങ്ങളെയും ക്രിപ്റ്റോകറൻസി ഇടപാടുകളിൽ നിന്നും വിലക്കിയിരുന്നു. എന്നാൽ 
എന്നാൽ അതുമായി ബന്ധപ്പെട്ട കേസിൽ (ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ Vs. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) 2020 മാർച്ചിലെ സുപ്രീം കോടതി വിധി പ്രകാരം, മേൽപ്പറഞ്ഞ സർക്കുലർ നിയമപരമായ ടെക്നിക്കൽ കാരണങ്ങളായ പ്രിൻസിപ്പൽ ഓഫ് പ്രൊഫഷനാലിറ്റി അഥവാ ആനുപാതിക യുടെ നിയമം പ്രകാരം റദ്ദ് ചെയ്തിരുന്നു. ആയതുകൊണ്ട് നിലവിൽ ക്രിപ്റ്റോ കറൻസിക്ക് ഇന്ത്യയിൽ നിയമപരമായ നിരോധനം ഇല്ല എന്നതാണ് വസ്തുത. എങ്കിലും കേന്ദ്ര സർക്കാരിന് ക്രിപ്റ്റോ കറൻസിക്ക് നിരോധനം ഏർപ്പെടുത്താൻ ഇരിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ പറ്റില്ല. ഒറ്റയടിക്ക് ഉള്ള നിരോധനത്തിനുള്ള സാധ്യതകൾ കുറവാണെങ്കിലും ഘട്ടം ഘട്ടമായുള്ള നിരോധനത്തിന് സാധ്യതകൾ ഉണ്ട് എന്ന് പറയാം.

ക്രിപ്റ്റോ വഴി പണമിടപാട് നടത്തുമ്പോൾ ഉണ്ടാകുന്ന നഷ്ടത്തിനും ലാഭത്തിനും സെബി പോലെയുള്ള ഏതെങ്കിലും ബോർഡുകൾ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?

ഇല്ല സെബി, റിസർവ് ബാങ്ക് അടക്കമുള്ള ഇന്ത്യയിലെ പണമിടപാട് നിയന്ത്രിക്കുന്ന ഒരു ഔദ്യോഗിക സ്ഥാപനങ്ങൾക്കും വെർച്ചൽ കറൻസികൾ ആയ ക്രിപ്റ്റോകറൻസി ഇടപാടുകളിൽ ഇപ്പോൾ നിയന്ത്രണമോ ഉത്തരവാദിത്വമോ ഇല്ല. ക്രിപ്റ്റോ ഇടപാടുകൾ ഇപ്പോൾ വിദേശരാജ്യങ്ങളിലെ ഷെയർ ട്രേഡിങ് പോലെയാണ് നടക്കുന്നത്. അതിന് ഇന്ത്യയിലെ പണമിടപാട് നിയന്ത്രിക്കുന്ന ഒരു ഔദ്യോഗിക സ്ഥാപനങ്ങൾക്കും നിയന്ത്രണമോ ഉത്തരവാദിത്വമോ ഇല്ല. എല്ലാം ഒരു വിശ്വാസത്തിൻറെ പുറത്താണ് എന്ന് പറയുന്നതുപോലെ. അതുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും ചട്ടങ്ങളും പിന്നീട് നിലവിൽ വന്നേക്കാം

ക്രിപ്റ്റോ കറൻസി ഇടപാടുകൾക്കായി എ.ടി.എം. രാജ്യത്ത് ചില സ്ഥലങ്ങളിൽ തുറന്നെങ്കിലും അവയെല്ലാം സർക്കാർ പൂട്ടുകയും തുടങ്ങിയവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ടല്ലോ?

മേൽപ്പറഞ്ഞ 2018 ൽ 06.04.2018 തീയതിയിലെ റിസർവ് ബാങ്കിൻറെ സർക്കുലർ പ്രകാരം ആണ് രാജ്യത്തെ എല്ലാ പണമിടപാട് സ്ഥാപനങ്ങളെയും ക്രിപ്റ്റോകറൻസി ഇടപാടുകളിൽ നിന്നും വിലക്കിയതിൻറെ ഭാഗമായിട്ടാണ് ക്രിപ്റ്റോ കറൻസി ഇടപാടുകൾക്കായി എ.ടി.എം. രാജ്യത്ത് ചില സ്ഥലങ്ങളിൽ തുറന്നെങ്കിലും അവയെല്ലാം സർക്കാർ പൂട്ടുകയും, തുടർന്നും ആ സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചവർക്കെതിരെ കേസ് എടുക്കുകയും ചെയ്തത്. എന്നാൽ ഇപ്പോൾ, ‘ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ Vs. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ’ കേസിൽ സുപ്രീം കോടതിയിൽ നിന്നും അനുകൂലമായ വിധി സമ്പാദിച്ചത് അതിനുശേഷം നിലവിൽ അങ്ങനെ ഒരു സാഹചര്യം ഇല്ല.

ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം എന്താണ് ചെയ്യേണ്ടത്?

ഭാവിയിൽ ക്രിപ്റ്റോകറൻസി കളുടെ ഉപയോഗവും, മാർക്കറ്റ് ഡിമാൻഡും വർദ്ധിക്കുമ്പോൾ, അതിൽ ഒരു നിക്ഷേപ സാധ്യതയും, ലാഭം നേടാനുള്ള സാധ്യതയും ഉണ്ട് എന്നത് ഒരു വസ്തുതയാണ്.

എന്നിരുന്നാലും ക്രിപ്റ്റോകറൻസി തികച്ചും ഒരു സ്വകാര്യ സംവിധാനമാണ്. പുതിയ ക്രിപ്റ്റോ കമ്പനികൾ അമിതമായ ലാഭം വാഗ്ദാനം ചെയ്തു നിക്ഷേപ തട്ടിപ്പുകൾ നടത്താനുള്ള സാധ്യതകൾ തള്ളിക്കളയാൻ പറ്റില്ല. ആ രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയാൽ, തട്ടിപ്പുകൾക്ക് ഇരയായവർ എവിടെപ്പോയി പരാതി നൽകും എന്നതും, നിക്ഷേപകരുടെ തട്ടിപ്പിനിരയായ പണം തിരികെ നൽകാനുള്ള നടപടി ആര് സ്വീകരിക്കും എന്നത് എന്നതും വളരെ വലിയ ഒരു നിയമ പ്രശ്നമാണ്.
2019 ഓഗസ്റ്റ് മാസത്തിൽ, മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ അബ്ദുൽ ഷുക്കൂർ എന്ന യുവാവ് ക്രിപ്റ്റോകറൻസി ബിസിനസ്സിനായി 450 കോടിയോളം രൂപ സമാഹരിച്ച് അതിനു ശേഷം തട്ടിപ്പുകൾ നടന്നപ്പോൾ അദ്ദേഹം കൊല്ലപ്പെട്ട സ്ഥിതിവിശേഷം നമ്മൾ ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.

അതിനാൽ എടുത്തുചാട്ടം ഈ വിഷയത്തിൽ ഒരിക്കലും നല്ലതല്ല. നിക്ഷേപം നടത്തുമ്പോൾ വളരെ നല്ല അടിത്തറയുള്ള ക്രിപ്റ്റോ കമ്പനികളിൽ മാത്രം നിക്ഷേപങ്ങൾ നടത്താൻ ശ്രമിക്കുക. ആ പണം മൊത്തത്തിൽ തന്നെ നഷ്ടപ്പെടുകയാണെങ്കിലും നമ്മളെ വലിയ രീതിയിൽ ബാധിക്കാത്ത തരത്തിൽ, മൊത്തം സമ്പാദ്യത്തിന് ചെറിയ ഒരു ശതമാനം മാത്രം പരീക്ഷണാർത്ഥം എന്നതുപോലെ നിക്ഷേപിക്കുക.

നിലവിൽ ഇന്ത്യയിൽ ക്രിപ്റ്റോകറൻസി. കറൻസിക്ക് നിയമപരമായ അംഗീകാരമോ പൂർണമായ നിരോധനമോ ഇല്ലാത് ഒരു പ്രത്യേക അവസ്ഥയാണ് ഉള്ളത്. പിന്നീട് ക്രിപ്റ്റോകറൻസിക്കു രാജ്യത്ത് നിയമപരമായ അംഗീകാരം ലഭിക്കുകയാണെങ്കിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന് പറ്റി ആലോചിക്കാവുന്നതാണ്.

ഇതിന്റെ നിയമ സാധ്യത എന്തൊക്കെയാണ്?

ഒരു രാജ്യത്തിൻറെ കറൻസി അഥവാ പണം ആ രാജ്യത്തിൻറെ റിസർവ് ബാങ്ക് ഉറപ്പുനൽകുന്ന ലീഗൽ ടെൻഡറിൻറെ (നിയമപരമായ ഉറപ്പിൻറെ) അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഓരോ രാജ്യവും അതാത് സമയത്ത് എത്ര മൂല്യം ഉള്ള പണം ആണ് അവർ ഇറക്കിയിട്ടുള്ളത് എന്നതിൻറെ കണക്കും നിയന്ത്രണവും അതാതു രാജ്യങ്ങളുടെ റിസർവ് ബാങ്കിനോ ഫിനാൻസ് ഡിപ്പാർട്ട്മെൻറ്നോ ഉണ്ടായിരിക്കുന്നതാണ്. എന്നാൽ ന്യൂതന സാങ്കേതിക സാമ്പത്തിക സംവിധാനമായ വെർച്വൽ കറൻസിക്ക് അത്തരത്തിലുള്ള നിയമപരമായ ലീഗിൽ ടെൻഡർ സ്റ്റാറ്റസ് ആരും നൽകുന്നില്ല. വെർച്വൽ കറൻസി കണക്കുകൾ കൃത്യമായി ഉണ്ട് എന്ന് ക്രിപ്റ്റോകറൻസി കമ്പനികൾ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് പിന്നീട് മാറ്റങ്ങൾ വരില്ല എന്ന കാര്യത്തിന് ഉറപ്പില്ല.

കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എൻക്രിപ്ഷൻ കോഡ് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്രിപ്റ്റോഗ്രഫി ഭൗതിക രൂപത്തിൽ അല്ലാത്ത നാണയ സാമ്പത്തിക മേഖലയാണ്. 
സ്റ്റോക്ക് മാർക്കറ്റ് കമ്മോഡിറ്റി മാർക്കറ്റ് തുടങ്ങിയവ പോലെ ക്രിപ്റ്റോകറൻസി സംവിധാനം ഓൺലൈനായി വ്യാപാരം നിലവിൽ നടക്കുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നിരുന്നാലും, ജോർജ്ജ് ഫ്രൈഡ്മാൻ എന്ന സാമ്പത്തിക ചിന്തകൻ പറഞ്ഞതുപോലെ ക്രിപ്റ്റോകറൻസി കമ്മോഡിറ്റി വ്യാപാരത്തിന് സമാനമായി വില ഇട്ട് ക്രയവിക്രയം നടക്കുന്നുണ്ടെങ്കിലും, അതിന് കറൻസി രൂപത്തിലുള്ള സ്വഭാവങ്ങൾ ഉണ്ടെങ്കിലും, ഒരു ഗവൺമെൻറും ക്രിപ്റ്റോകറൻസിയുടെ മേലിൽ യാതൊരു നിയന്ത്രണവും ഇല്ലാത്തതിനാലും, ക്രിപ്റ്റോ കറൻസിയെ കാണാനോ, എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാനോ പറ്റാത്തത് കാരണം ക്രിപ്റ്റോകറൻസി ഒരു പ്രശ്നം തന്നെയായി തോന്നുന്നു. ക്രിപ്റ്റോ കറൻസിയുടെ മൈനിങ് പ്രവർത്തികളും അക്കൗണ്ടിങ് സംവിധാനങ്ങൾ മനസ്സിലാക്കുന്നതും സാധാരണക്കാർക്ക് ഒരിക്കലും എളുപ്പമല്ല.

രാജ്യാന്തരമായും അജ്ഞാതമായും നിയന്ത്രണാതീതമായി നിയമത്തിൻറെ പരിരക്ഷയും കടിഞ്ഞാണില്ലാത്ത പണം കൈകാര്യം ചെയ്യുന്ന ഒരു മേഖല എന്ന നിലയിൽ ക്രിപ്റ്റോകറൻസി എന്ന സാമ്പത്തിക വ്യവസ്ഥയെ നിയമ മേഖല ഗൗരവത്തോടുകൂടിയാണ് നോക്കി കാണുന്നത്. ക്രിപ്റ്റോ കറൻസി ഏത് രാജ്യത്തിൽ നിന്നും എത്ര വലിയ തുകയ്ക്കും ഒരാൾക്ക് മേടിച്ചു കൂട്ടാം എന്നതും അത് പിന്നീട് മറ്റ് ഏത് രാജ്യത്ത് പോയിട്ടാണെങ്കിലും വിൽപ്പന നടത്തി പണം ആക്കി മാറ്റാം എന്നതും വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണ്. 

ഇന്ത്യയിൽ നിന്ന് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി ആ പണം ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ മേടിച്ചു കൂട്ടി മറ്റേതെങ്കിലും രാജ്യത്ത് പോയി അത് വിൽപ്പന നടത്തി സുഖമായി ജീവിക്കാനുള്ള അവസരം നിയമത്തിൻറെ കണ്ണു വെട്ടിക്കാൻ ഉള്ള ഒരു പഴുത്ത ആയി മാറുന്നത് നമ്മൾക്ക് കാണാം. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേരളത്തിൽ നടന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അതിൻറെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. അതുകൊണ്ടുതന്നെ ക്രിപ്റ്റോകറൻസിയുടെ അപകടകരമായ ഈ രഹസ്യ സ്വഭാവവും, നിയന്ത്രണം ഇല്ലായ്മയും പരിഹരിക്കേണ്ടത് ഒരു രാജ്യത്തിൻറെ നിയമ സാമ്പത്തിക മേഖലകളുടെ അടിത്തറക്ക് വളരെ അത്യന്താപേക്ഷിതമാണ്.

ഉപഭോക്താക്കളും മാർക്കറ്റ് ഡിമാൻഡും കൂടുന്നതിനനുസരിച്ച് സാമ്പത്തിക നേട്ടങ്ങൾ ജനങ്ങൾക്ക് ഉണ്ടാക്കാൻ കഴിയുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ അനിയന്ത്രിതവും പ്രവചനാതീതവുമായ ഓൺലൈൻ മാർക്കറ്റ് ചാഞ്ചാട്ടങ്ങളുടെ ഭാഗമായി വരുന്ന വളരെ ഭീമമായ നഷ്ടം സാധ്യതകളും ഈ മേഖലയിൽ തള്ളിക്കളയാൻ പറ്റില്ല.

കൂടാതെ, നിയന്ത്രണങ്ങളുടെ പരിമിതികൾ മൂലവും, മൾട്ടിലെവൽ മാർക്കറ്റിംഗ് മേഖലയിൽ അമിതമായ ലാഭം വാഗ്ദാനം ചെയ്തു തട്ടിപ്പുകൾ നടത്തുന്നതിനു സമാനമായി സ്വകാര്യ സ്വഭാവത്തിലുള്ള ക്രിപ്റ്റോകറൻസി കമ്പനികൾ നിക്ഷേപങ്ങൾ സ്വീകരിച്ച് പിന്നീട് മുങ്ങുകയാണെങ്കിൽ, നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാൻ അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള പ്രയാസങ്ങൾ അനുഭവപ്പെടാം.

അതിലുപരിയായി, ഇന്ത്യാ ഗവൺമെൻറ് ക്രിപ്റ്റോകറൻസി നിരോധിക്കാനുള്ള നിയമം കൊണ്ടുവരാനുള്ള സാധ്യതകൾ ശക്തമാണ് എന്നിരിക്കെ, കേന്ദ്ര ഗവൺമെൻറ് ക്രിപ്റ്റോ കറൻസിക്ക് നിയമ സാധ്യത നൽകുന്നതു വരെ ഈ മേഖലയിൽ കൈ കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം സൂക്ഷ്മത പുലർത്തേണ്ടതാണ് എന്ന് പറയാൻ ആഗ്രഹിക്കുന്നു.”

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

കാൽസ്യം കുറവ് പരിഹരിക്കാം