ഏതൊരു ബന്ധത്തിലും സൗഹൃദത്തിന് സ്ഥാനമുണ്ട്
ആത്മാവ് തൊട്ടറിഞ്ഞ ചില സൗഹൃദങ്ങളുണ്ട് ...
ഒരുപാട് വർഷങ്ങൾ ലോകത്തിന്റെ പല കോണുകളിൽ യാതൊരു ബന്ധവുമില്ലാതെയിരുന്നിട്ടും, പെട്ടെന്നൊരു നാൾ പഴയ അതേ സ്നേഹവായ്‌പോടെ, ഊഷ്മളതയോടെ, അധികാരത്തോടെ, അവകാശത്തോടെ അവർ വന്ന് നമ്മോടു സംസാരിക്കുമ്പോൾ അനിർവചനീയമായ അനുഭൂതിയാണ് ഉള്ളിൽ.
വീണ്ടും നാം യൂണിഫോമിട്ട ഒരു കൊച്ചുകുട്ടിയായി മാറുന്നു. ഉച്ചഭക്ഷണം കഴിഞ്ഞു ഒരു കയ്യിൽ ചോറ്റുപാത്രവുമായി, കൈകഴുകാൻ കൂട്ടുകാരൊന്നിച്ച് പോകുമ്പോൾ പങ്കിട്ട വീട്ടുവിശേഷങ്ങളുടെ ബാക്കി, ഇത്രയും വർഷങ്ങൾക്കു ശേഷവും അവർ അന്വേഷിക്കുമ്പോൾ, എന്തെന്നില്ലാത്ത സന്തോഷവും അത്ഭുതവുമാണ്. സൗഹൃദത്തിന്റെ കടലാഴങ്ങൾ അനുഭവിച്ചറിയുന്ന നിമിഷങ്ങൾ..
വിദ്യാലയത്തിൽ നിന്നും വർഷങ്ങൾക്കു മുൻപേ പടിയിറങ്ങി നടന്നകന്നവർ, ഹൃദയാലയത്തിൽ നമ്മെ കൂടെക്കൂട്ടിയിട്ടുണ്ട് എന്നറിയുമ്പോൾ ഉണ്ടാകുന്ന ആനന്ദം ചെറുതല്ല. ഏതു പ്രതിസന്ധിഘട്ടത്തിലും 'അതിനെന്താ നമുക്ക് വഴിയുണ്ടാക്കാം' എന്നു പറഞ്ഞൂ കൈ പിടിച്ചു കൊണ്ടുപോകും അവർ.
എക്കാലത്തുമുണ്ടായിരുന്നു അത്തരം വിലമതിക്കാനാവാത്ത സുഹൃത്ബന്ധങ്ങൾ..നല്ല സൗഹൃദങ്ങൾ ആനന്ദം മാത്രമല്ല സാന്ത്വനവും താങ്ങും തണലും തണുപ്പുള്ള തലോടലും കൂടിയാണ്. നിസ്വാർത്ഥമായ സ്നേഹവും പരിഗണനയുമാണ് ...
ഒരുകാലത്തു നഷ്ടപ്പെട്ടുപോയി എന്നു കരുതിയ സുഹൃത്തുക്കൾ വീണ്ടും നമ്മെത്തേടി വരുന്നത്, അറിഞ്ഞോ അറിയാതെയോ നമ്മുടെ മനസ്സുകൾ അവരെ തേടുന്നതുകൊണ്ടല്ലേ ..
വെള്ളം വെള്ളം സർവത്ര ..തുള്ളി കുടിക്കാനില്ലത്രേ ..എന്ന് കൂട്ടുകാരെക്കുറിച്ചു ചിലർ പറയാറുണ്ട് .. പെറുക്കിയെടുക്കുന്ന കല്ലുകളിൽ രത്നക്കല്ലുകൾ ഏതെന്നു തിരിച്ചറിയാൻ നമുക്ക് കഴിയണം, അവയെ കാത്തു സൂക്ഷിക്കാനും..
.ചില രത്നങ്ങളുണ്ട് ..അത്രയേറെ പ്രയാസമനുഭവിക്കുമ്പോൾ രക്ഷകരായി അവതരിക്കുന്നവർ ..ഒരു സംശയവും വേണ്ട. പടച്ചവൻ ആ രൂപത്തിൽ അവതരിച്ചതോ എന്നു പോലും തോന്നിപ്പോകും ഇക്കൂട്ടരെ കാണുമ്പോൾ ...എന്നും കൂടെക്കൂട്ടാൻ യോഗ്യരായവർ..
ഏതൊരു ബന്ധത്തിലും സൗഹൃദത്തിന് സ്ഥാനമുണ്ട്.. സഹോദരങ്ങൾക്കിടയിലും ദമ്പതികൾക്കിടയിലും മാതാപിതാക്കൾക്കും മക്കൾക്കുമിടയിലും സൗഹൃദം പൂക്കുമ്പോഴാണ് ബന്ധങ്ങൾ ഹൃദ്യമാകുന്നത്..
അതേ സമയം കാര്യസാധ്യത്തിനു മാത്രം അടുത്തുകൂടുന്ന, ചൂഷണം മാത്രം കൈമുതലാക്കിയ ഒരു വിഭാഗം ആളുകളുണ്ട്. അവരിൽ നിന്ന് ഒരു നിശ്ചിത അകലം പാലിച്ചില്ലെങ്കിൽ നമ്മുടെ സ്വാസ്ഥ്യ ജീവിതത്തിന് എന്നും അവർ വിലങ്ങുതടിയായിരിക്കും.
ആത്മാർത്ഥതയില്ലാത്ത സൗഹൃദങ്ങളെ നാം കണ്ടറിഞ്ഞു ഒഴിവാക്കേണ്ടതുണ്ട്..അവ വന്യമൃഗങ്ങളെക്കാൾ ഭയാനകമാണെന്ന് ശ്രീബുദ്ധൻ. വന്യമൃഗങ്ങൾ നമ്മുടെ ശരീരത്തെ ഹനിക്കുമ്പോൾ ചീത്ത സുഹൃത്തുക്കൾ നമ്മുടെ ആത്മാവിനെത്തന്നെ ഹനിക്കുന്നു...
ആദ്യം സ്വയം ഒരു നല്ല സുഹൃത്താകാൻ പഠിക്കുക.. എങ്കിൽ മറ്റുള്ളവർക്കും നാം നല്ലൊരു സുഹൃത്തായിരിക്കും ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ